This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോസ്മിക ധൂളി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കോസ്മിക ധൂളി

ബഹിരാകാശത്തുനിന്നെത്തുന്ന 200 മൈക്രോമീറ്ററില്‍ താഴെമാത്രം വ്യാസാര്‍ധമുള്ള കോസ്മിക ധൂളി പദാര്‍ത്തങ്ങള്‍

‌ ബഹിരാകാശത്തുനിന്നു ഭൂമിയില്‍ പതിച്ചുകൊണ്ടിരിക്കുന്നതും ചെറിയ ഗോളാകൃതിയിലുള്ളതുമായ കണങ്ങള്‍. സാധാരണയായി കണങ്ങളുടെ വ്യാസം 0.02-നും 0.06 മില്ലിമീറ്ററിനും ഇടയ്ക്കായിരിക്കും. ചുരുക്കം ചില കണങ്ങള്‍ക്ക് 0.2 മില്ലിമീറ്ററില്‍ക്കൂടുതല്‍ വ്യാസവും ഉണ്ടാവും. കരയില്‍ പതിക്കുന്ന ധൂളിയും കാലക്രമേണ സമുദ്രത്തിന്റെ അടിയില്‍ ചെന്നു ചേരുന്നതുമൂലം സമുദ്രത്തിന്റെ അടിത്തട്ടിലാണ് ഈ ധൂളി ധാരാളമായി കാണുപ്പെടുക.

1870-കളില്‍ എച്ച്.എം.എസ്. ചലഞ്ചര്‍ എന്ന കപ്പലില്‍ സഞ്ചാരം നടത്തി, ലോകത്തിലെ വിവിധ സമുദ്രഭാഗങ്ങളുടെ അടിത്തട്ടില്‍നിന്നുള്ള സാമ്പിളുകള്‍ പരിശോധിച്ച സര്‍ ജോണ്‍മറൈ ആണ് ഈ ധൂളിയെപ്പറ്റി ആദ്യമായി പരാമര്‍ശിച്ചത്.

മൈക്രോമീറ്റിയറൈറ്റുകള്‍ എന്നും കോസ്മിക ധൂളി അറിയപ്പെടുന്നുണ്ട്. ധൂമകേതുക്കളില്‍നിന്നും പരസ്പരം കൂട്ടിമുട്ടുന്ന ഛിന്നഗ്രഹങ്ങളില്‍ (asteroids) നിന്നും ഉദ്ഭവിക്കുന്ന കണികകളാണ് ഇവയെന്നു കരുതപ്പെടുന്നു. മുഖ്യമായും സിലിക്കേറ്റുകളാണിവ. കാര്‍ബണ്‍, സള്‍ഫൈഡുകള്‍, ലോഹങ്ങള്‍ എന്നിവയുടെ അംശം കലര്‍ന്നിരിക്കും. അന്തരീക്ഷപഠനത്തിനുള്ള വിമാനങ്ങള്‍ 18-22 കി.മീ. ഉയരത്തിലുള്ള അന്തരീക്ഷത്തില്‍നിന്ന് ഇവയെ ശേഖരിക്കാറുണ്ട്. അന്റാര്‍ട്ടിക്കയിലെ ഐസ് ഉരുകിയുണ്ടാകുന്ന ജലം അരിച്ചും ഇവയെ ശേഖരിക്കാറുണ്ട്.

വര്‍ഷത്തില്‍ ഏതാണ്ടു 2800 ടണ്ണിനും 5500 ടണ്ണിനും ഇടയ്ക്കു ഭാരം വരുന്ന കോസ്മികധൂളി ഭൂമിയില്‍ പതിക്കുന്നുണ്ടെന്നു കണക്കാക്കപ്പെട്ടിരിക്കുന്നു.

ബഹിരാകാശത്തില്‍ ആകമാനം ചിതറിക്കിടക്കുന്നതും ഒരു മില്ലിമീറ്ററിന്റെ പതിനായിരത്തിലൊരംശം മുതല്‍ നൂറിലൊരംശം വരെ (0.0001-0.01 മി.മീ.) വലുപ്പമുള്ളതുമായ ദ്രവ്യകണങ്ങളും (matter particles) കോസ്മികധൂളി എന്ന പേരില്‍ അറിയപ്പെടുന്നു.

(പ്രൊഫ. ടി.ബി. തോമസ്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍